കൊളറാഡോ: അമേരിക്കയിലെ കൊളറാഡോ സ്പ്രിംഗ്സിലുള്ള യുഎസ് എയർ ഫോഴ്സ് അക്കാദമിയിൽ (USAFA) പ്രവേശനം നേടിയ ആദ്യ കേശധാരി സിഖ് അമേരിക്കൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കി ചിരാഗ് വീർ സിംഗ് സറാവോ.
സിഖ് വിശ്വാസത്തിന്റെ ഭാഗമായി മുറിക്കാത്ത മുടിയും താടിയും ഉൾപ്പെടെയുള്ള മതാചാരങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് അക്കാദമിയിൽ സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിന് ഔദ്യോഗികമായി മതപരമായ അനുമതിയും ലഭിച്ചിട്ടുണ്ട്.
ഏപ്രിൽ 4ന് അക്കാദമിയിലേക്കുള്ള പ്രവേശന നിയമനം ലഭിച്ച സറാവോയ്ക്ക് ജൂൺ 20നാണ് അധികൃതർ ഈ മതപരമായ ഇളവ് അനുവദിച്ചത്. തുടർന്ന് ജൂൺ 24ന് ഇൻ-പ്രോസസിംഗ് ദിനത്തിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത അദ്ദേഹം നിലവിൽ ആറാഴ്ച നീളുന്ന കഠിനമായ അടിസ്ഥാന സൈനിക പരിശീലനത്തിലാണ്.
അമേരിക്കൻ സിഖ് കൗൺസിൽ ഈ നേട്ടത്തെ ആഗോള സിഖ് സമൂഹത്തിനും മതസ്വാതന്ത്ര്യത്തിനും ലഭിച്ച വലിയൊരു അംഗീകാരമായി വിശേഷിപ്പിച്ചു. സ്വന്തം ആത്മീയ വിശ്വാസവും രാജ്യസേവനവും ഒരേസമയം യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് ചിരാഗിന്റെ ഈ ചരിത്രനേട്ടം തെളിയിക്കുന്നതാണെന്നും സംഘടന വ്യക്തമാക്കി.